District News
തൊടുപുഴ: ജില്ലയില്‍ ആശങ്ക പരത്തി വ്യാജ ബോംബു ഭീഷണി. ഇടുക്കി ഡാമിനും കളക്ടറേറ്റിനും മുട്ടം ജില്ലാ കോടതിക്കും മുല്ലപ്പെരിയാര്‍ ഡാമിനുമാണ് വ്യാജ ബോംബ് ഭീഷണിയെത്തിയത്. ഇന്നലെ രാവിലെയോടെയാണ് സമീര്‍ കുസുബ എന്ന പേരിലുള്ള വ്യാജ ഇ-മെയില്‍ വിലാസത്തില്നിന്നുവ്യാജ ബോംബു ഭീഷണിയെത്തിയത്. വിവരമറിഞ്ഞ് ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ എല്ലാ കേന്ദ്രങ്ങളിലും പരിശോധന നടത്തി.
കളക്ടറേറ്റില്‍ ബോംബ് സ്ക്വാഡ് ജില്ലാ ചാര്‍ജ് ഓഫീസര്‍ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്.
ഡോഗ് സ്ക്വാഡില്‍നിന്നു ബോംബ് കണ്ടെത്താന്‍ വൈദഗ്ധ്യം നേടിയ മാഗി, ഡോളി തുടങ്ങിയ നായ്ക്കളെ ഉപയോഗിച്ചും ഇവിടെ പരിശോധന നടത്തി. പോലീസ്, ഡിവൈഎസ്പിയുടെ സ്ട്രൈക്കര്‍ ഫോഴ്സ്, അഗ്നിരക്ഷാസേന തുടങ്ങി വിവിധ സേനാ വിഭാഗങ്ങളെത്തി മുഴുവന്‍ സ്ഥലങ്ങളും പരിശോധിച്ചാണ് ഭീഷണി സന്ദേശം വ്യാജമെന്ന് ഉറപ്പാക്കിയത്.
സന്ദര്‍ശകരുടെ ഉള്‍പ്പെടെ ബാഗുകളും പോലീസ് പരിശോധിച്ചു. പരിശോധനയെത്തുടര്‍ന്ന് ഏതാനും സമയം കളക്ടറേറ്റിന്റെയും കോടതികളുടെയും പ്രവര്‍ത്തനം തടസപ്പെട്ടു.
വിദേശത്തുനിന്നാണ് വ്യാജ സന്ദേശമെത്തിയതെന്നാണ് പോലീസിന്റെ സംശയം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഏതാനും ദിവസം മുമ്പും ജില്ലാ കോടതിയില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു. ചാവേര്‍ ബോംബ് ഭീഷണിയാണ് ഇ-മെയിലൂടെ ലഭിച്ചത്. തമിഴ് ലിബറേഷന്‍ ഓര്ഗനൈസേഷന് (ടിഎല്‍ഒ) എന്ന സംഘടനയുടെ പേരിലാണ് സന്ദേശമെത്തിയത്.
ശ്രീലങ്കന്‍ ഈസ്റ്റര്‍ മോഡല്‍ ആക്രമണമാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു ഉള്ളടക്കം. തുടര്‍ന്ന് ഡോഗ് സ്ക്വാഡിന്റെയും ബോംബ് സ്ക്വാഡിന്റെയും സഹായത്തോടെ വിശദമായ പരിശോധന നടത്തി സന്ദേശം വ്യാജമെന്നുറപ്പാക്കുകയായിരുന്നു.
Kerala
തൊടുപുഴ: ഇടുക്കി ഡാമിനും കളക്ടറേറ്റിനും മുട്ടം ജില്ലാ കോടതിയിലും മുല്ലപ്പെരിയാര്‍ ഡാമിനും വ്യാജ ബോംബു ഭീഷണി. ഇന്നു രാവിലെയോടെയാണ് ഇ മെയില്‍ വഴി ബോംബു ഭീഷണിയെത്തിയത്. തുടര്‍ന്ന് കളക്ട്രേറ്റില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തി.
ബോംബ് സ്ക്വാഡ് ജില്ലാ ചാര്‍ജ് ഓഫീസര്‍ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. മാഗി, ഡോളി തുടങ്ങിയ നായകളെ ഉപയോഗിച്ചും പരിശോധന നടത്തി.
പോലീസിനു പുറമെ ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് ജില്ലാ കോടതിയില്‍ വ്യാജ ബോംബു ഭീഷണിയെത്തിയിരുന്നു.
Kerala
കാസര്‍ഗോഡ്: കാസര്‍ഗോഡ് കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ഇന്നലെ വൈകുന്നേരം നാലോടെയാണ് ജില്ലാ കളക്ടറുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിലേക്കു ഭീഷണിസന്ദേശം എത്തിയത്.
ഉടന്‍ തന്നെ കളക്ടര്‍ ജില്ലാ പോലീസ് മേധാവിയെ വിവരം അറിയിച്ചു. തുടര്‍ന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി കളക്ടറേറ്റ് കെട്ടിടത്തിലും പരിസരത്തും വിശദമായ പരിശോധന നടത്തി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കളക്ടറേറ്റിലെ ജീവനക്കാരെയും വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ പൊതുജനങ്ങളെയും നിയന്ത്രിച്ചിരുന്നു.
സന്ദേശം ഉക്രൈനില്നിന്നാണ് അയച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനുമുമ്പ് ജനുവരി എട്ടിന് ജില്ലാ കോടതിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഇ-മെയിലില്‍ ഭീഷണിസന്ദേശം ലഭിച്ചിരുന്നു.
National
അഹമ്മദാബാദ്: കുവൈറ്റിൽനിന്നും ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
വിമാനത്തിൽ ബോംബ് ഉണ്ടെന്ന അവകാശവാദവുമായി കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെടുത്തത്. 180 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന വിമാനം രാവിലെ 6.40ഓടെ അഹമ്മദാബാദിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
വിമാനത്തിനുള്ളിലെ ഒരു യാത്രക്കാരനാണ് ബോംബ് ഉണ്ടെന്ന് അവകാശപ്പെടുന്ന കുറിപ്പ് കണ്ടെത്തിയത്. യാത്രക്കാരൻ ഇത് വിമാനത്തിലെ ജീവനക്കാരെ അറിയിച്ചു. തുടർന്ന് പൈലറ്റ് വിവരം എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയും വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിടാൻ തീരുമാനിക്കുകയുമായിരുന്നു.
വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും വിമാനത്തിൽ വിശദമായ പരിശോധന നടത്തി. ഇതുവരെ നടത്തിയ പരിശോധനയിൽ വിമാനത്തിൽ നിന്നും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല.
സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി അന്തിമ അനുമതി ലഭിച്ച ശേഷം വിമാനം യാത്ര തുടരുമെന്ന് അധികൃതർ അറിയിച്ചു.
National
ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. ന്യൂഡൽഹി - പൂനെ 6E 2608 ഫ്ലൈറ്റിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.
8.40ന് എത്തേണ്ട ഫ്ലൈറ്റ് 9.24നാണ് പൂനെയിൽ ലാൻഡ് ചെയ്തത്. ഇതിനു പിന്നാലെയാണ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്തിയില്ല. ബിടിഎസി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയെന്ന് അധികൃതർ അറിയിച്ചു.
District News
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിക്ക് ബോംബ് ഭീഷണി. ഇമെയിൽ മുഖേനയാണ് ബോംബ് ഭീഷണി വന്നത്. ഇന്നലെ രാവിലെ എത്തിയ സന്ദേശത്തേ തുടർന്ന്
പോലീസും ബോംബ് സ്കോഡും അടക്കമുള്ളവർ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല . വിവിധ കോടതികളും മിനി സിവിൽ സ്റ്റേഷനും പ്രവർത്തിക്കുന്ന കെട്ടിടമാണ്. ഒരാഴ്ച മുന്‍പ് പത്തനംതിട്ട കളക്ടറേറ്റിനും ബോംബ് ഭീഷണി വന്നിരുന്നു.
Kerala
കൊച്ചി: കൊച്ചിയിൽ ബാങ്കുകൾക്കു ബോംബു ഭീഷണി. കൊച്ചിയിലെ സിറ്റി യൂണിയന് ബാങ്കിന്റെ രണ്ടു ശാഖകളിലാണ് വ്യാജ ബോംബ് ഭീഷണി എത്തിയത്. സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പേരിലാണ് ബാങ്കുകളിലേക്ക് ഈ മെയിലില്‍ ഭീഷണി സന്ദേശം എത്തിയത്. ബാങ്കില്‍ അമോണിയം നൈട്രേറ്റ് അടക്കമുള്ള സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയോടെ സ്ഫോടനം നടക്കുമെന്നുമാണ് സന്ദേശം എത്തിയത്.
എന്നാല്‍, ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ ഭീഷണി സന്ദേശത്തിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, മറ്റ് ജില്ലകളിലെ ബാങ്കുകളിലും സമാന സന്ദേശം എത്തിയിട്ടുണ്ടെന്നും വിവരവമുണ്ട്. പാലക്കാടും പരിശോധന നടക്കുന്നുണ്ട്.
Kerala
പത്തനംതിട്ട: പത്തനംതിട്ട കളക്ടറേറ്റിൽ ബോംബ് ഭീഷണി. ഇമെയിൽ മുഖേനയാണ് ബോംബ് ഭീഷണി വന്നത്. നടൻ വിജയിയുടെ ചെന്നൈയിലെ വീടിനും ബോംബ് വയ്ക്കുമെന്ന് ഇമെയിൽ സന്ദേശത്തിലുണ്ട്.
കളക്ടറേറ്റിലേക്ക് വന്ന ഇമെയിലിലാണ് വിജയിയുടെ വീടിനും ബോംബ് വയ്ക്കുമെന്ന ഭീഷണിയുള്ളത്. എസ്പി ഓഫീസിൽ നിന്നുമെത്തിയ പ്രത്യേക സംഘം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
നേരത്തെയും കളക്ടറേറ്റിൽ ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ കളക്ടർ എസ്പിക്ക് നിർദേശം നൽകിയിട്ടുണ്ട്.
International
ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വിദേശത്തുനിന്നുള്ള രണ്ടെണ്ണം ഉൾപ്പെടെ മൂന്ന് വിമാനങ്ങളെ ലക്ഷ്യമിട്ടാണ് ഇമെയിൽ വഴി ഭീഷണി സന്ദേശമെത്തിയത്.
ഇതേ തുടർന്ന് ഞായറാഴ്ച രാത്രി അധികൃതർ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും പരിശോധന നടത്തുകയും ചെയ്തു.
ലണ്ടൻ ഹീത്രോയിൽ നിന്നുള്ള ബ്രിട്ടീഷ് എയർവേയ്സ് വിമാനം ബിഎ 277, ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള ലുഫ്താൻസ വിമാനം എൽഎച്ച് 752, കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോ വിമാനം 6ഇ 7178 എന്നീ വിമാനങ്ങളെ ലക്ഷ്യമിട്ടാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്.
ഭീഷണി സന്ദേശം ലഭിച്ചെങ്കിലും എല്ലാ വിമാനങ്ങളും തടസങ്ങളില്ലാതെ യാത്രാ പൂർത്തിയാക്കി സുരക്ഷിതമായി ലാൻഡ് ചെയ്തു. അന്താരാഷ്ട്ര വിമാനങ്ങൾ തിങ്കളാഴ്ച പുലർച്ചെയും ആഭ്യന്തര വിമാന സമയക്രമമനുസരിച്ചും ഇറങ്ങി.
National
ഹൈദരാബാദ്: ബഹ്റൈനിൽനിന്നെത്തുന്ന വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശത്തെത്തുടർന്ന് ഹൈദരാബാദ് രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കേണ്ട വിമാനം മുംബൈയിലേക്കു വഴിതിരിച്ചുവിട്ടു.
വിമാനം സുരക്ഷിതമായി മുംബൈ വിമാനത്താവളത്തിലിറക്കി. വിശദപരിശോധനയിൽ സന്ദേശം വ്യാജമാണെന്നു കണ്ടെത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
വിഴിഞ്ഞം: വിഴിഞ്ഞം മുക്കോലയിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ശാഖയിൽ ബോംബ് ഭീഷണി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പോലീസും നടത്തിയ പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്താനായില്ല.
ഇന്നലെ രാവിലെ 11 മണിയോടെ മാനേജരുടെ മെയിലിലാണ് ബോംബ് പൊട്ടുമെന്ന വ്യാജസന്ദേശം എത്തിയത്. കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ ബാങ്ക് അധികൃതർ ഉടൻ തന്നെ വിഴിഞ്ഞം പോലീസിൽ വിവരമറിയിച്ചു. ഉച്ചയോടെ ബോംബ് സ്ക്വാഡും ഡോഗു സ്ക്വാഡും എത്തി ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടം മുഴുവനും അരിച്ചു പെറുക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.
"ഗഞ്ചാബുദ്ധ അറ്റ് അണ്ടർ വേൾഡ് ഡോട്ട് ഡോഗ്' എന്ന മെയിൽ ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയത്. ഉറവിടം ഇന്ത്യയിൽ നിന്നാണെന്നു കണ്ടെത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ വെളിവായിട്ടില്ല. ചിലരുടെ പേരുകൾ രേഖപ്പെടുത്തിയശേഷം ഇവരുടെ പേരിലുള്ള കേസുകൾ പിൻവലിക്കണമെന്നു ഗൂഗിൾ സെർച് ചെയ്തതിൽ നിന്നു കണ്ടെത്തിയതായി പോലീസ് അറിയിച്ചു. എന്നാൽ ഇങ്ങനെയുള്ള സന്ദേശം ബാങ്കിൽ വരാനുള്ള കാരണം വ്യക്തമല്ല. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കപ്പലുകൾ എത്തിക്കുന്ന അന്താരാഷ്ട്ര കമ്പനിയായ എംഎസ്സിയുടെ ഓഫീസ് പ്രവർത്തിക്കുന്നതും ഇതേ കെട്ടിടത്തിലാണ്. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചുമെല്ലാം സൈബർ സെൽ അന്വേഷണം ആരംഭിച്ച
National
ന്യൂഡൽഹി: പരീക്ഷ ഒഴിവാക്കാനായി സ്കൂളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച അഞ്ചാം ക്ലാസുകാരൻ പിടിയിൽ. വിശാൽ ഭാരതി പബ്ലിക് സ്കൂളിലെ പ്രിൻസിപ്പലിനാണ് സ്കൂൾ പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുള്ളതായി വ്യക്തമാക്കി ഇ-മെയിൽ ലഭിച്ചത്.
ഇ-മെയിൽ ലഭിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതർ വിവരം പോലീസിനെ അറിയിക്കുകയും ബോംബ് നിർവീര്യമാക്കൽ സ്ക്വാഡ്, ഡോഗ് സ്ക്വാഡ് തുടങ്ങിയവർ സ്കൂളിൽ എത്തുകയും ചെയ്തു. എന്നാൽ സംശയകരമായ ഒരു വസ്തുവും സ്കൂൾ പരിസരത്തുനിന്ന് കണ്ടുകിട്ടിയില്ല.
സൈബർ സംഘത്തിന്റെ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത കുട്ടിയാണ് ഇ-മെയിൽ സന്ദേശം അയച്ചിരിക്കുന്നത് എന്ന് മനസിലായത്. ചോദ്യം ചെയ്യലിൽ പരീക്ഷക്ക് പഠിക്കാത്തതിനാൽ ഭയന്നാണ് ഇ-മെയിൽ സന്ദേശം അയച്ചതെന്നാണ് അഞ്ചാം ക്ലാസുകാരൻ കുറ്റസമ്മതം നടത്തിയത്. കുട്ടിയെ പോലീസ് പിടികൂടി.
National
മുംബൈ: ഗണേശോത്സവം ശനിയാഴ്ച സമാപിക്കാനിരിക്കെ മുംബൈ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം. മുംബൈ നഗരത്തിൽ 34 വാഹനങ്ങളിൽ ആർഡിഎക്സ് ഉണ്ടെന്നാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. വാട്ട്സ്ആപ്പിലൂടെയാണ് പോലീസിന് ഭീഷണി സന്ദേശം ലഭിച്ചത്
പത്ത് ദിവസത്തെ ഗണേശോത്സവത്തിന്റെ സമാപന ചടങ്ങായ അനന്ത ചതുർഥി ആഘോഷത്തിനായി തയാറെടുക്കവെയാണ് ട്രാഫിക് പോലീസിന്റെ കൺട്രോൾ റൂമിലെ ഹെൽപ്പ്ലൈനിലേക്കു ഭീഷണി സന്ദേശം ലഭിച്ചത്.
‘ലഷ്കർ-ഇ-ജിഹാദി’ എന്നാണ് സന്ദേശം അയച്ചയാൾ സ്വയം പരിചയപ്പെടുത്തിയത്. 14 പാക്കിസ്ഥാനി ഭീകരർ ഇന്ത്യയിൽ പ്രവേശിച്ചതായും 400 കിലോ ആർഡിഎക്സ് സ്ഫോടനത്തിനായി ഉപയോഗിക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
സ്ഫോടനത്തിലൂടെ ‘‘ഒരു കോടി ആളുകളെ കൊല്ലാൻ കഴിയുമെന്നും’’ സന്ദേശത്തിലുണ്ട്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ മുംബൈയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടി. ആന്റി ടെററിസം സ്ക്വാഡിന് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
എല്ലാ മുൻകരുതലകളും സ്വീകരിച്ചിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തുകയാണെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സ്കൂളുകളിൽ വീണ്ടും ബോംബ് ഭീഷണി. ഇരുപതോളം സ്കൂളുകളിൽ ഇ- മെയിൽ സന്ദേശങ്ങളായിട്ടാണ് ഭീഷണി സന്ദേശമെത്തിയത്. സ്കൂളുകളിൽ സ്ഫോടക വസ്തുകൾ വച്ചിട്ടുണ്ടെന്നാണ് സന്ദേശം. ഭീഷണി സ്ഥിരീകരിച്ച ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും ഡൽഹിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേരെ ബോംബ് ഭീഷണി ഉയർന്നിരുന്നു.